നീലേശ്വരം: ആളുകൾ നോക്കിനിൽക്കേ നീലേശ്വരം രാജാറോഡിലെ വിഷ്ണു ഏജൻസീസ് പെട്രോൾ പമ്പിൽനിന്ന് ഒന്നരലക്ഷം രൂപ കവർന്നു. നീല ഷർട്ടും മുണ്ടും ധരിച്ച് എത്തിയ ആൾ കുട മറയാക്കി മേശവലിപ്പിൽനിന്ന് പണം കൈക്കലാക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 6.45 ഓടെയാണ് സംഭവം. നടന്നുവന്ന പ്രതിയുടെ കൈയിൽ പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നു. പെട്രോൾ വാങ്ങാൻ എത്തിയതാകുമെന്നാണ് ജീവനക്കാർ കരുതിയത്. എന്നാൽ പമ്പിലെ മേശയ്ക്ക് അരികിൽ നിന്ന ഇയാൾ വലിപ്പിൽനിന്ന് പണവുമായി കടന്നുകളയുകയായിരുന്നു.
അക്കൗണ്ടന്റ് സ്ഥലത്തെത്തിയപ്പോഴാണ് പണം മോഷണം പോയ വിവരം അറിയുന്നത്. പണം എണ്ണിത്തിട്ടപ്പെടുത്തി മേശവലിപ്പിൽ വെച്ചശേഷം ക്ഷേത്രത്തിലേക്ക് പോയതായിരുന്നു അക്കൗണ്ടന്റായ രാജേഷ്. പണം കാണാതായതോടെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. ദൃശ്യങ്ങളിൽനിന്ന് മോഷ്ടാവ് ഇരിട്ടി ചളിയൻതോട്ടിലെ കുരുവി സജു എന്ന സജീവനാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നീലേശ്വരം പോലീസ് ഇൻസ്പെക്ടർ നിബിൻ ജോയ് എസ്ഐമാരായ കെ.വി. രതീശൻ, സുഗുണൻ, സിവിൽ പോലീസ് ഓഫീസർ ദിലിഷ് പള്ളിക്കൈ തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി
Robbery at Nileshwaram petrol pump: Rs. 1.5 lakh stolen